സ്നേഹിക്കാന്‍ എനിക്ക് പേടിയാണ്... നിന്നെ പ്രത്യേകിച്ചും. എത്ര ആലോചിച്ചിട്ടും നിന്നില്‍ നിന്നും ഓടിപ്പോകാന്‍ എനിക്കൊരു കാരണം കിട്ടുന്നില്ല. എത്ര വഴക്കടിച്ചിട്ടും ഞാന്‍ നിന്നെ സ്നേഹിച്ചു പോകുന്നു.
സ്നേഹത്തിന്റെ നിറം ചുവപ്പാണോ പച്ചയാണോ എന്നെനിക്കറിയില്ല. പക്ഷെ എന്റെ ചോരയുടെ നിറം ചുവപ്പാണ്. എന്റെ ഹൃദയത്തിന്റെ ആഴങ്ങളില്‍ നിന്റെ ചിരിയും ആവലാതികളും നിറഞ്ഞു നിറഞ്ഞു എന്നെ വിഴുങ്ങുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു.
എങ്കിലും പറയാതിരിക്കാന്‍ വയ്യ. ഞാന്‍ ഭയന്ന് ഭയന്ന് നിന്നെ സ്നേഹിക്കുന്നു...
ഞാന്‍ ഒരിക്കലും കിനാവുകളില്‍ അലഞ്ഞു നടക്കില്ല. കാരണം കിനാവുകളെ എനിക്ക് പേടിയാണ്... എന്റെ മാത്രംഓര്‍മയില്‍ ഒരു മഞ്ഞു തുള്ളി പോലെ അവശേഷിക്കുന്ന കിനാവുകള്‍ കണ്ടു ഉണര്‍ന്ന ദിവസങ്ങളുടെ ഒടുക്കം എന്റെ കണ്‍ കോണില്‍ വിരിഞ്ഞ ചിരിയെ കണ്ണ് നീരിന്റെ നിറമില്ലായ്മ എടുത്തു പോയി. അത് കൊണ്ട് ഒരിക്കലും കൂട്ടുകാരാ ഞാന്‍ സ്വപ്‌നങ്ങള്‍ നെയ്തു കൂട്ടില്ല. കരയാന്‍ എനിക്കിഷ്ടമില്ല. ഞാന്‍ കരഞ്ഞുറങ്ങിയ രാത്രികളുടെ ഓര്‍മ്മകള്‍ എനിക്കെടുത്തു കളയണം.
എന്നിട്ട് വേനല്‍ മഴ പെയ്തു തോര്‍ന്ന സന്ധ്യക്ക് നീ വന്നു കയറുമ്പോള്‍ നമുക്കൊരു യാത്ര പോകണം. നീയും ഞാനും മാത്രം ഉള്ള നീണ്ടൊരു യാത്ര. പൂത്തു നില്‍കുന്ന ഗുല്‍മോഹര്‍ മരങ്ങളുടെ തണലിലൂടെ കൈ കോര്‍ത്ത് പിടിച്ചു.....
Comments
Post a Comment