Skip to main content

തേങ്ങുന്ന മലയാളി പുരുഷന്മാര്‍ !!!


മാതൃഭൂമി ദിനപത്രത്തില്‍ കുറച്ച് നാള്‍ മുന്‍പ് വന്ന ഒരു ലേഖനപരമ്പരയാണ് ഇതെഴുതാന്‍ കാരണം. അല്ലെങ്കില്‍ എഴുതി വച്ചിട്ട് ആത്മവിശ്വാസമില്ലാതെ ഒതുക്കി മാറ്റി വച്ചത്. മാറിയ സാഹചര്യങ്ങളില്‍ പറയണം എന്ന് തോന്നി. ഇനി ഒരിക്കല്‍ പറയാന്‍ കഴിയാതെ പോയാലോ???

‘പുര നിറഞ്ഞു നില്‍കുന്ന പുരുഷന്മാര്‍’ എന്ന ലേഖന പരമ്പര തുടങ്ങുന്നതേ വിവാഹാധിഷ്ടിതമായ വ്യവസ്ഥിതിയില്‍ പുരുഷന്മാരുടെ വിവാഹം നടക്കായ്ക എങ്ങനെ സമൂഹത്തിന്‍റെ താളം തെറ്റിക്കും എന്നൊക്കെ വര്‍ണിച്ചു കൊണ്ടാണ്!!! സ്ത്രീകള്‍ ഉയര്‍ന്ന വിദ്യാഭ്യാസം നേടുന്നതും ജോലി നേടുന്നതും ഒക്കെ എങ്ങനെ പുരുഷന്മാരുടെ സ്വപ്നങ്ങള്‍ക്ക് വിലങ്ങു തടി ആവുന്നു എന്ന് കൂടി വര്‍ണിക്കുന്നുണ്ട് പരമ്പര!!!

ലേഖന പരമ്പര അവസാനിക്കുന്നത് കുറച്ചു കൂടി തമാശ എന്ന് തോന്നിയ ഒരിടത്താണ്. വിവാഹം കഴിക്കാന്‍ സാധിക്കാത്തതില്‍ മനം നൊന്ത് ലഹരിക്ക് അടിമപെടുന്ന യുവത്വം!!! അറിയാന്‍ വയ്യാഞ്ഞിട്ട് ചോദിക്കുകയാണ്, കൂടെ ഒരാള്‍ ഇല്ലെങ്കില്‍ അവസാനിപ്പിച്ച് കളയാന്‍ ഉള്ളതെ ഉള്ളോ , അത്രക്ക് വിലയെ സ്വന്തം ആരോഗ്യത്തിനും മനസ്സിനും നിങ്ങള്‍ വില കല്പിക്കുന്നുള്ളൂ??? നന്നായി ഇങ്ങനെ ജീവിതം കളയുന്ന യുവത്വത്തിനു പെണ്ണ് കൊടുക്കാത്തത്!!!ഇത്രയും ലോലന്മാരെങ്ങനെ ജീവിതത്തില്‍ ശരിക്കും ഒരു പ്രശ്നത്തെ നേരിടും???

പരമ്പര മൊത്തം വായിക്കുമ്പോള്‍ ശരാശരി ഒരാള്‍ മിക്കവാറും ചിന്തിക്കുക, പ്രശ്നം മൊത്തം പെണ്ണിന്‍റെ കാഴ്ചപ്പാടിന്റെ ആണെന്ന് ചില ഇടത്തെങ്കിലും പറഞ്ഞു വയ്കുന്നുണ്ട്. മികച്ച വിദ്യാഭ്യാസം ഉള്ള, സാമ്പത്തികമായി സ്വന്തം കാലില്‍ നില്‍കുന്ന ഒരു പെണ്ണിന് ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസയോഗ്യത എങ്കിലും ഉള്ളൊരാള്‍ പങ്കാളി ആയി വേണമെന്ന് ചിന്തികുന്നതില്‍ കുഴപ്പം നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍, ഒരു കൂട്ടം ആളുകള്‍ക് അത് തോന്നുന്നു എങ്കില്‍ കുഴപ്പം ആ ഒരു കൂട്ടം ആളുകള്‍ക്കാണ്. ഒരു പാട് അതിജീവികേണ്ടി വരും സ്വന്തം കാലില്‍ നില്‍ക്കാന്‍. വിവാഹം കഴിച്ചു അയക്കാന്‍ വേണ്ടി മാത്രമല്ല പെണ്‍കുട്ടികളെ ആളുകള്‍ വളര്‍ത്തുന്നത്. വിവാഹം ഒരു തിരഞ്ഞെടുപ്പ് ആവുന്ന കാലത്തെകുറിച്ച് ചര്‍ച്ചകള്‍ നടകുമ്പോള്‍ വലിയ പാരമ്പര്യം അവകാശപ്പെടുന്നൊരു പത്രം കണ്ടെതിയ വിഷയം കൊള്ളാം!! ഇത്ര വയസ്സില്‍ പഠനം, ഇത്ര വയസ്സില്‍ ജോലി, ഇത്ര വയസ്സില്‍ വിവാഹം, ഇത്ര വയസ്സില്‍ ഇത്ര കുട്ടികള്‍ !!! ഇതാണോ ജീവിതം? ഇങ്ങനെ ആണ് ജീവിതം ഇങ്ങനെ ആവണം ജീവിതം എന്ന് പറഞ്ഞ് വയ്കുന്നിടത്ത് ഒരു കുഴപ്പവും ആര്‍ക്കും തോന്നുന്നില്ലെങ്കില്‍ അത് തീര്‍ച്ചയായും വലിയൊരു സാമൂഹികമായ പ്രശ്നം ആണ്.
കുറെ കാലം മാട്രിമോണിയല്‍ പരസ്യം ആവുകയും, റിജക്ട് ചെയ്തും ചെയ്യപ്പെട്ടും മടുക്കുകയും ചെയ്തപ്പോഴാണ് വെളിപാട് വരുന്നത്, എന്‍റെ ജീവിതം കുറച്ചു കൂടി വിലപ്പെട്ടതാണ് എന്ന വെളിപാട്. ഇന്ന് വരെ അറിയാത്ത ഇന്ന് വരെ എന്‍റെ ജീവിതത്തെ അറിയാത്ത ഞാന്‍ നടന്ന വഴികളെ തിരിച്ചറിയാത്ത ഒരാള്‍ എന്നെ ജഡ്ജ് ചെയ്ത് അയാള്‍ക് പറ്റിയതാണെന്ന് പറയാന്‍ ഇതെന്താ വല്ല കോമ്പറ്റീഷന്‍ ആണോ??? ഇത്രയൊക്കെ ആണുങ്ങള്‍ക് ആവാം എങ്കില്‍ സ്വന്തം കാലില്‍ നില്കുന്ന, സ്വന്തം അഭിപ്രായം ഉള്ള പെണ്ണുങ്ങള്‍ ഇതൊകെ ചെയ്യുന്നതില്‍ എന്താണിത്ര പ്രശ്നം???                                                     മുപ്പതു കഴിഞ്ഞിട്ടും എനികിപോള്‍ വിവാഹം കഴികാത്തത് കുറവാണെന്ന് തോന്നിയിട്ടില്ല, വേറെ പലര്‍ക്കും തോന്നുന്നു എങ്കിലും!! എന്നെ കെട്ടി ഇടുന്ന, എന്‍റെ മോഹങ്ങള്‍ക് അതിരുകള്‍ വരക്കാന്‍, എന്നെ ജഡ്ജ് ചെയ്യാന്‍ ഒരാളില്ലാത്തത് എനിക്ക് പകരുന്ന ആത്മവിശ്വാസം ചെറുതല്ല എന്ന് തന്നെ പറയട്ടെ.
വാളയാറില്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ ജീവിതതെ, അവരുടെ മരണത്തെ വരെ നീതി പീഠം പോലും കണ്ണുകെട്ടി നോകി നില്‍കെ, തെളിവില്ലെന്ന്, 9 വയസ്സുള്ളോരു കുഞ്ഞ് ആത്മഹത്യ ചെയ്തെന്ന് പറയാനും തെളിയിക്കാനും കാണിച്ച ആര്‍ജവത്തെ നോകി മലയാളി(പ്രബുദ്ധ) മരവിച്ചു നില്‍കുന്ന കാലത്ത് വിവാഹം കഴികപെടാത്തത് കൊണ്ട് മനം നൊന്ത് ലഹരിയില്‍ അഭയം തേടുന്ന പുരുഷന്മാരുടെ നൊമ്പരം എഴുതി വച്ച ആ മനുഷ്യന്‍റെ മനസുണ്ടല്ലോ!!! അസാദ്ധ്യം!!! നിങ്ങള്‍ പഠിച്ചത് മാധ്യമ പ്രവര്‍ത്തനം തന്നെ ആണോ എന്ന് സംശയം തോന്നുന്നുണ്ട്!!! അഞ്ചു വര്ഷം പത്രപ്രവര്‍ത്തനം പഠിക്കാന്‍ കളഞ്ഞ കാലമോര്കുമ്പോള്‍ വേണ്ടിയിരുന്നില്ല എന്ന് നിങ്ങളെ പോലുള്ളവരുടെ മാധ്യമപ്രവര്‍ത്തനം കാണുമ്പോള്‍ തോന്നുന്നുണ്ട്.
വിവാഹം എന്ന ഉടമ്പടി കൊണ്ട് മാത്രം ജീവിതം ഇല്ലാതായ, സ്വപ്നം കാണാന്‍ മറന്നു പോയ, വളരെ പാട് പെട്ട് മരിക്കാന്‍ കഴിയാത്തത് കൊണ്ട് മാത്രം ജീവിതത്തെ എത്തി പിടിച്ച ഒരു പാട് പെണ്‍കുട്ടികളെ, സ്ത്രീകളെ അറിയാം, നേരിട്ടും അല്ലാതെയും. ഉയര്‍ന്നു വരുന്ന ഗാര്‍ഹികപീഡനങ്ങള്‍, നിയമം ഉണ്ടായിട്ടും കൃത്യമായി നടപ്പാകാന്‍ കഴിയാന്‍ വിസമ്മതിക്കുന്ന പോലീസും കോടതിയും ഉള്ള നാടാണ്. സാക്ഷര കേരളമാണ്, തൊട്ടതിനും പിടിക്കുന്നതിനും നവോധനം വിളമ്പുന്ന നാടാണ്!!! ആ നാട്ടില്‍ നിലം തൊടാന്‍ നില്‍കുന്ന കൂരയിലെ പെണ്ണിനും സര്‍കാര്‍ ഉദ്യോഗം ഉള്ള വരന്‍ വേണമെന്ന് ശടിക്കുന്ന അമ്മയും മകളും വിധിയാല്‍ തോല്പിക്കപേട്ട അവസാനം ഉള്ളൊരു ഷോര്‍ട്ട് ഫില്‍മിനെ കുറിച്ച് വാചകമടിക്കാന്‍ കഴിഞ്ഞ മനസ്സ് ടി എസ് ശ്രീജിത്ത്‌ എന്ന പത്രപ്രവര്‍ത്തകന്‍റെ പരാജയം തന്നെയാണ്. ഇതൊകെ എഴുതാനും പ്രസന്‍റെ ചെയ്യാനും സ്ഥലം കൊടുക്കുന്ന മാതൃഭുമി ഒകെ പേറുന്ന ‘പുരോഗമനം’ കാണാതെ പോകരുത്...
കഷ്ടപ്പെട്ട് നേടിയ ജോലി, അവളുടെ സമ്പാദ്യം എങ്ങനെ ഉപയോഗികണം എന്ന് കൂടി പുരുഷന്‍ ശടിക്കുന്ന നാടാണിത്. ഭര്‍ത്താവിന് വിദ്യാഭ്യാസം ഉണ്ടായാലും ഇല്ലെങ്കിലും അവന്‍ തീരുമാനിക്കും. എന്തിനു വേറൊരു വീട്ടില്‍ രണ്ടാം കിട പൌര ആകുന്നു എന്നതിനെ കുറിച്ച് സ്ത്രീകള്‍ ആലോചിചില്ലെന്കിലെ അദ്ഭുതമുള്ളൂ.
സ്വാതന്ത്ര്യക്കുറിച്ച്, സ്വപ്നങ്ങളെക്കുറിച്ച്‌, സ്വന്തം ഇടത്തെക്കുറിച്ച് ഏറെ ആകുലപെടുന്ന സ്ത്രീകളുടെ കൂടി ലോകമാണിത്. സ്വന്തം ഇടമുള്ള അഭിപ്രായമുള്ള പെണ്ണുങ്ങള്‍ ചിലപ്പോള്‍ ‘നോ’ പറയും. അത് താങ്ങാന്‍ കഴിയാതെ പോകുന്നത് നിങ്ങളിലെ ‘പുരുഷ’നാണ്. അല്ലാതെ വ്യക്തിക്കാവില്ല. നിങ്ങളെ പോലെ തന്നെ വ്യക്തികള്‍ ആണ് ഇപ്പറഞ്ഞ സ്ത്രീകളും. സ്ത്രീയുടെ ജീവിതം കുറച്ചു കൂടി ഭംഗി ഉള്ളതാവട്ടെ. ലോകം മുഴുവന്‍ സ്ത്രീ ജീവിതങ്ങള്‍ കുടുംബകേന്ദ്രികൃതം മാത്രമാവുന്നതിനെ, മാറ്റങ്ങള്‍ വരേണ്ടതിനെ കുറിച്ച് സംസാരികുമ്പോള്‍ ഇവിടെ കുറെ ആണുങ്ങള്‍ ലഹരി തേടി പോകുന്നു, എന്തിനു വിവാഹം നടക്കാത്തതിന്!!!! ഹോ കേരളത്തിലെ ഞാന്‍ അടക്കമുള്ള സ്ത്രീകള്‍ എത്ര പാപികലാണെന്ന് നോക്കണേ!!! അപാരം.
കേരളത്തില്‍ അടക്കം ബാലവിവാഹങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ട്. 35 വയസ്സില്‍ മുത്തസ്സിമാരകുന്ന പെണ്‍കുട്ടികള്‍ ഉള്ള നാടുകൂടിയാണ്. സ്ത്രീധനത്തിന്റെ പേരില്‍ പുരുഷന്മാര്‍ മരിച്ച അറിവില്ല. ഒരു വര്ഷം ആയിട്ടുണ്ടാവുമോ, കൊല്ലത്ത് സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും അമ്മായിഅമ്മയും ചേര്‍ന്ന് ഒരു സ്ത്രീയെ പട്ടിണിക്കിട്ട് കൊന്ന നാടാണ്. കുറെ ദിവസം നമ്മള്‍ ചര്‍ച്ച ചെയ്തു. മാധ്യമങ്ങള്‍ സംസാരിച്ചു. എന്നിട്ട് കുറഞ്ഞോ പ്രശ്നങ്ങള്‍??? ഗാര്‍ഹിക പീഡനത്തിന്‍റെ പേരില്‍ പോലീസില്‍ പരാതി നല്കാന്‍ ചെന്ന് പോലീസ് കേസ് എടുക്കാതെ ഭര്‍ത്താവിന്‍റെ കൂടെ പറഞ്ഞ് വിട്ടു കുറച്ചു ദിവസങ്ങള്‍ക് ശേഷം അതെ ഭര്‍ത്താവിനാല്‍ കൊല്ലപെട്ട ഒരു സ്ത്രീയെ അറിയാം. വിവാഹത്തിന്‍റെ മുപ്പതാം വര്‍ഷം എനികിനി മടുത്തെന്ന് പറഞ്ഞ്, എന്‍റെ അഭിമാനമാണ് വലുതെന്നു പറഞ്ഞു താലി ഊരി വച്ച് ഒത്തുള്ള താമസം ഒഴിവാകിയ അഭിമാനികളായ സ്ത്രീകളെയും അറിയാം. പക്ഷെ പരമ്പര എഴുതിയ മനുഷ്യനും പ്രസിധികരിക്കുന്ന സ്ഥാപനത്തിനും ഇതൊന്നും മനസിലാകണം എന്നില്ല. കണ്ണ് കുറച്ചൂടി തുറന്ന് വച്ച് ജീവിച്ചു നോക്കൂ ചിലപ്പോള്‍ മനസ്സിലായേക്കും. എവിടെയോ ജനിച്ച് ജീവിക്കുന്ന ഒരാള്‍ക്ക് ഒരു ദിവസം തീറെഴുതിക്കൊടുത്തു ഒഴിവാകാന്‍ വേണ്ടി മാത്രമല്ല അച്ഛനമ്മമാര്‍ മക്കളെ വളര്‍ത്തുന്നത്. പെണ്ണായും ആണായും എന്നതിനേക്കാള്‍ വ്യക്തികളെ, ഉള്കരുതുള്ള കാഴ്ചപ്പാടുള്ള വ്യക്തികളെ സമൂഹത്തിന് സംഭാവന ചെയ്യുന്ന രക്ഷിതാക്കള്‍ തന്നെയാണ് ‘നോ’ പറയാന്‍ പഠിപ്പിക്കുന്ന, ‘നോ’ കള്‍ ഉള്‍ക്കൊള്ളാന്‍ പഠിക്കുന്ന വ്യക്തികളാവട്ടെ പുതിയ കാലത്തേക്ക് മാറ്റി വയ്കുന്നത്. നിങ്ങള്‍ ആണുങ്ങളുടെ പ്രാരാബ്ധം തീരുന്ന കാലത്ത് ഒരു പെണ്ണ് ചോദിച്ചു ചെന്നാല്‍ പിടിച്ചു തരാന്‍ പാകത്തിന് ‘വിവാഹം’ എന്ന നിങ്ങളുടെ അവകാശത്തിനു വീടുകളില്‍ കോഴിയെ പോലെ, പട്ടിയെയും പൂച്ചയെയും പോലെ വളര്‍ത്തുന്ന ജീവികള്‍ അല്ല കേട്ടോ പെണ്ണുങ്ങള്‍. നിങ്ങളെ പോലെ തന്നെ അഭിപ്രായങ്ങള്‍ ഉള്ള, സ്വപ്നങ്ങളും ആഗ്രഹങ്ങളും ഉള്ള, കരിയര്‍ മോഹങ്ങള്‍ ഒകെ കൂട്ടിവയ്കുന്ന നല്ല തണ്ടെല്ലുള്ള വ്യക്തികള്‍ ആണ്.
ഇതൊക്കെ വായികേണ്ടി വരുന്ന വായനക്കാരനാന് പിടിച്ച് വല്ല അവാര്‍ഡും നല്‍കേണ്ടത്!!! 



Comments

Popular posts from this blog

മനുഷ്യനും ജിന്നും

  മാരനെ ഇറങ്ങിയ അന്ന് തന്നെ കണ്ടു. തലേ ദിവസത്തെ മൈഗ്രൈൻ അറ്റാക്കിന്റെ ക്ഷീണത്തിൽ ആണ് അന്ന് ബ്രാഞ്ചിൽ പോയത്. മരവിച്ച തല കൊണ്ട് വളരെ നീണ്ട ഒരു ദിവസം കഴിച്ചിരിക്കുന്നു. എന്നിട്ടും വൈകീട്ട് വന്നു സിനിമ കാണാൻ ഇരുന്നു. സ്വസ്ഥത കിട്ടുന്നില്ല എന്നുള്ളത് തന്നെ കാരണം. മാധവനിലൂടെ   ചാർലിയെ എങ്ങനെ കാണും എന്നതായിരുന്നു മനസ്സ് നിറയെ. കണ്ടു കണ്ടു മാത്രം ഇഷ്ടം പിടിച്ച സിനിമ ആയിരുന്നു ചാർലി. ഇഷ്ടം തോന്നിയിട്ട്  മനസ്സിൽ നിന്ന് ഇറങ്ങി പോകാത്ത സിനിമയും. ആ ചാർലി ആണ് തമിഴ് പറയുന്നത്.        കഥക്കുള്ളിലെ മറ്റൊരു കഥയിൽ  നിന്ന്,  അതിലെ കഥാപാത്രങ്ങളിലൂടെ അതേ കഥയുടെ കഥാകാരനെ തേടി പോകുന്ന മാജിക്. ചാർലി ഒരു മാന്ത്രികനാണ്. ഹൂഡിനിയുടെ മൂത്താപ്പ എന്നു പറഞ്ഞു അയാൾ ചിരികുന്ന ചിരിയില് അയാളുടെ മിസ്റ്റിക് ഓറ പ്രതിഫലിക്കുന്നുണ്ട്.   ഉസ്മാൻ ഭായി പറയുന്ന പോലെ, “അതൊരു ജിന്നാണ് ബഹേൻ”.ആ ഒരൊറ്റ വാചകത്തിൽ ചാർലി ഉണ്ട്. സിനിമ ഉണ്ട്. ജിന്നിനെ, ജിന്നിന്റെ  കഥയെ    തേടുന്ന അഡ്വഞ്ചറസ്    ആയ ഒരു ഭ്രാന്തിയും.   മരണത്തിലും ജീവിതത്തോട് ആവേശം തോന്നിക്കുന്...

ആവലാതികള്‍ സ്നേഹത്തിന്‍റെ ഭാഷയാണ്

ആവലാതികള്‍ സ്നേഹത്തിന്‍റെ ഭാഷയാണെന്ന് ആദ്യം പഠിപ്പിച്ചത് അമ്മച്ചിയാണ്. ഉണരാന്‍ വൈകിയാല്‍, എന്തിനു പല്ല് തേക്കാത്തത്തിനു പോലും അമ്മച്ചി എന്നെ ഓര്‍ത്തു വേവലാതിപ്പെട്ടു... ജനിച്ചപ്പോള്‍ മുതല്‍ ആവലാതികള്‍ എനിക്ക് കൂട്ടിരുന്നു. ഊണിലും ഉറക്കത്തിലും, സ്കൂളിലും കോളേജിലും ഒകെ അതെന്‍റെ പിറകെ വന്നു. അമ്മച്ചിയുടെ മിസ്സ്‌ കോളുകളില്‍, വിറയാര്‍ന്ന ഒച്ചയില്‍ “നീ എത്ര നേരമായിട്ടും എന്തെ വന്നില്ല” എന്ന ദേഷ്യത്തില്‍ ഒകെ ആവലാതി സ്നേഹം പൂണ്ടു നിന്നു.മരുന്ന് കഴിക്കാത്തതിന്, ഉറങ്ങാത്തതിന് ഒകെത്തിനും അമ്മച്ചി വേവലാതിപ്പെട്ടു. വേവലാതികള്‍ പ്രസാദമായും വിവിധ തരം ഏലസുകളായും പല വര്‍ണത്തില്‍ ഉള്ള ചരടുകളായും എന്‍റെ കഴുത്തിലും കൈയിലും കിടന്നു. അമ്മച്ചിയല്ലാതെ എനിക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വേവലാതിപ്പെട്ടത്‌ എന്‍റെ കൂട്ടുകാരന്‍ ആയിരുന്നിരികണം. ഒരു കൂട്ടുകാരന് മാത്രം കഴിയുന്നത് പോലെ   അയാള്‍ എനിക്കായി കഥകള്‍ പറഞ്ഞു,താരാട്ടുകള്‍ പാടി,നിനവിലും കനവിലും ഒരു വലിയ തണല്‍ പോലെ നിറഞ്ഞു നിന്നവന്‍. എന്‍റെ ആവലാതികളുടെ ഭാരം ഇറക്കി വച്ച് വിശ്രമിക്കുന്നിടം.അവിടെ ശാന്തി ഉണ്ടായിരുന്നു. എന്‍റെ പേടികളുടെ അവസാനം. ഗര്‍ഭജലത്തിന്...