ഇന്ന് ലോക മനസികാരോഗ്യ ദിനമാണ്. 1992 ലാണ് WHO ലോകമാനസികാരോഗ്യ ദിനത്തിന്റെ പ്രാധാന്യം ലോകത്തോട് വിളിച്ച് പറയുന്നത്.1994 മുതൽ ഓരോ വർഷവും ഓരോ തീം മുന്നോട്ട് വയ്ക്കുകയും ചെയ്തു. 2019ലെ തീം ആത്മഹത്യ തടയലും മാനസികാരോഗ്യത്തെക്കുറിച്ച് അവബോധം ഉയർത്തുകയെന്നതുമാണ്. WHO യുടെ കണക്ക് പ്രകാരം ഓരോ 40 സെക്കന്റിലും ഒരു മനുഷ്യ ജീവൻ കവരുന്നത് ആത്മഹത്യയാണെന്നാണ്. പ്രത്യേകിച്ചും 15-29 പ്രായത്തിൽ പെട്ടവർ. ഓരോ 40 സെക്കന്റും എന്നത് വളരെയധികം ഭീതിപ്പെടുത്തുന്ന ഒരു കണക്കാണ്. അടുത്തിടെ പുറത്ത് വന്ന ചില പഠനങ്ങൾ തെളിയിക്കുന്നത് ഏകാകികളുടെ എണ്ണംകൂടിവരുന്നുവെന്നാണ് പ്രത്യേകിച്ചും വികസിത രാജ്യങ്ങളിൽ. വികസ്വര രാജ്യങ്ങളിൽ ഇത്തരം പഠനങ്ങൾ നടക്കുന്നുണ്ടോ അതെത്രത്തോളം ആളുകളിലേക്ക് എത്തിച്ചേരുന്നുണ്ട് എന്നതാണ്.
പറഞ്ഞ് വന്നത് ജീവിതത്തിൽ എപ്പോഴെങ്കിലും ഇനി ഒരു തിരിച്ച് പോക്കില്ലെന്ന് തീരുമാനിക്കുന്ന ഒരിക്കലെങ്കിലും തീരുമാനിച്ച ആളുകളെക്കുറിച്ചാണ്.
ആത്മഹത്യ ചിലരെങ്കിലും കരുതുംപോലെ ഒരു ഒളിച്ചോട്ടമോ ഭീരുത്വമോ അല്ല. അവസാനമില്ലാത്ത ശ്വാസം മുട്ടിക്കുന്ന വേദനയുടെ, ഓടി ഓടി അഭയം തേടി തോറ്റു പോയൊരാളുടെ ഏറ്റുപറച്ചിലാണ്. തൊണ്ടയിൽ കുരുങ്ങിപ്പോയ സ്വരം തടവിലാക്കിയ അലറിക്കരച്ചിൽ. സ്നേഹിക്കപ്പെടാനും കേൾക്കപ്പെടാനും കൊതിച്ച ഒരാളുടെ നിശബ്ദത കൊണ്ട് തീർത്ത സ്വരങ്ങളുടെ ആഘോഷം. ആ ഒരൊറ്റ നിമിഷത്തിൽ എത്തും മുൻപ് പെട്ട് പോയ ഇരുട്ടിൽ നിന്ന് ഒരിത്തിരി വെട്ടം പ്രതീക്ഷിച്ചുള്ള തപ്പിത്തടയൽ ഉണ്ട്. മുങ്ങിത്താഴും മുൻപ് ഒരു കച്ചിത്തുരുമ്പ് അന്വേഷിക്കുന്ന ജീവന്റെ പിടച്ചിൽ.
ചിരിച്ച് കൊണ്ട് ജീവിതം കാണാത്തവരുടെ ഭ്രാന്തെന്ന് പുലമ്പുന്നവരോട് ഒന്നേ പറയാനുള്ളൂ - ചിരിക്കുന്ന എല്ലാവരും സന്തോഷിക്കുന്നവരല്ല! ഓരോ മനുഷ്യനും ഇരുട്ടും വെളിച്ചവും നിറഞ്ഞ ലോകങ്ങളാണ് _ പേടിയുടെ, അവസാനമില്ലാത്ത ഒളിച്ചോട്ടങ്ങളുടെ, പ്രണയ ത്തിന്റെ, സ്നേഹത്തിന്റെ, കാമത്തിന്റെ, സ്വപ്നങ്ങളുടെ, മോഹങ്ങളുടെ, നിരാശയുടെ,വേദനയുടെ, കുശുമ്പിന്റെ അങ്ങിനെ അവസാനമില്ലാത്ത ലോകങ്ങൾ. ചിലപ്പോഴെങ്കിലും ചില ലോകങ്ങളുടെ അരികുകളിൽ ചെന്ന് നില്ക്കുമ്പോൾ അത്ഭുതമാണ് തോന്നുക. ഇരുട്ടിന്റെ ആഴങ്ങളിലേക്ക് മുങ്ങിത്താഴുമ്പോഴും സ്വപ്നം കാണാൻ പഠിപ്പിക്കുന്നവർ... സ്നേഹം കൊണ്ട് പൊതിയുന്നവർ.. അവർ പൊരുതുമ്പോഴും കൂടെയുള്ളവരെ കൂടുതൽ കരുത്തോടെ പൊരുതാൻ പഠിപ്പിക്കുന്നവർ.
ഒരിക്കലെങ്കിലും മരണത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിപ്പോയി പരാജയം അറിഞ്ഞവർക്കറിയാം നെഞ്ച് പിടഞ്ഞ ആ വേദനയുടെ ആഴം. കേൾക്കപ്പെടാൻ ഒരാളെ തിരഞ്ഞ് പോകുന്ന ഒറ്റപ്പെടലിൽ ഉഴറുന്നൊരാളെ അവന്/അവൾക്ക് ഭ്രാന്താണെന്ന് കൈയൊഴിയുന്നവർ. ഏകാന്ത തുരുത്തിലെ ഒറ്റപ്പോരാട്ടത്തെക്കുറിച്ച് പറഞ്ഞു പോയാൽ നൊസാണെന്ന് പറഞ്ഞ് ഒരാളെ അളന്നിട്ട് ചിരിക്കുന്ന വളിച്ച ചിരിയുണ്ടല്ലോ അതെടുത്ത് മാറ്റാതെ നമുക്ക് പ്രിയപ്പെട്ടവരെയോ അല്ലാത്തവരെയോ - ആരുമാകട്ടെ ജീവിതത്തിൽ ചേർത്ത് നിർത്താനാകില്ല. ഒരിക്കൽ കേൾക്കാൻ ചെവികൊടുക്കാതിരുന്നിട്ട് പിന്നെ അയവെട്ടുന്ന ഓർമകൾ കൊണ്ട് എന്താവാനാണ്? സ്വന്തം മനസിനോട്, അവിടെ നിറഞ്ഞ് പോയ ഇരുട്ടിനോട്, പടവെട്ടി തോൽക്കുന്നവരെ നമുക്ക് സൃഷ്ടിക്കാതിരിക്കാൻ കുറച്ച് കൂടി നല്ല കേൾവിക്കാരാകാൻ ശ്രമിച്ച് കൂടെ - ജഡ്ജ് ചെയ്യാതെ കേൾക്കുന്ന നല്ല മനുഷ്യരായിക്കൂടെ??ഇനി അടുത്ത October 10 ന് share ചെയ്യുന്ന പോസ്റ്റിനപ്പുറം പ്രിയപ്പെട്ടവർക്കായി കുറച്ച് സമയം മാറ്റിവച്ചു കൂടെ ? നമ്മുടെ കുഞ്ഞുങ്ങളെ കുറച്ച് കൂടി empathetic ആവാൻ പഠിപ്പിച്ച് കൂടെ.നിനക്ക് ഞാനുണ്ടെന്ന് പറഞ്ഞ് ചേർത്ത് പിടിക്കാം. ഓരോ 40 സെക്കന്റുകളും അതിജീവിക്കാൻ കരുത്താവുന്ന കൈ കളാവാം.. ജീവിതവിജയത്തിന്റെ ഓട്ടപ്പാച്ചിലിൽ ഇടയ്ക്ക് ഒന്നിരുന്ന് തണലേറ്റ് വേറെ ആർക്കോ തണലായി ജീവിച്ച് നോക്കിക്കൂടെ?

Comments
Post a Comment